This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലിന്റണ്‍, ബില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലിന്റണ്‍, ബില്‍

Clinton, Bill (1946 - )

അമേരിക്കന്‍ ഐക്യനാടുകളുടെ 42-ാമത് പ്രസിഡന്റ്. വില്യം ജെഫേഴ്സണ്‍ ബ്ലെയ്ത്ത് III എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമധേയം. 1946 ആഗ. 19-ന് അമേരിക്കയിലെ അര്‍കാന്‍സസില്‍ ജനിച്ചു. ക്ലിന്റണ്‍ ജനിക്കുന്നതിനു മൂന്നുമാസം മുമ്പേ ഇദ്ദേഹത്തിന്റെ പിതാവ് ഒരു കാറപകടത്തില്‍ മരിച്ചു. 1963 ജൂലായില്‍ ഒരു ചടങ്ങില്‍ വച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുമായുള്ള കൂടിക്കാഴ്ച ക്ലിന്റണില്‍ രാഷ്ട്രീയബോധവും രാഷ്ട്രീയ പ്രവര്‍ത്തകനാകാനുള്ള താത്പര്യവും ഉടലെടുക്കാന്‍ കാരണമായി.

ബില്‍ ക്ലിന്റണ്‍

1968-ല്‍ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയില്‍നിന്നും ഇന്റര്‍നാഷണല്‍ അഫേഴ്സില്‍ ബിരുദമെടുത്തു. ബിരുദപഠനകാലത്ത് ഇദ്ദേഹം വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു. വിയ്റ്റനാം യുദ്ധത്തിന്റെ വിമര്‍ശകനായിരുന്ന ക്ലിന്റണ്‍, തന്റെ സമപ്രായക്കാരായ അനവധിയാളുകളെ തന്റെ ചിന്തകളോട് അടുപ്പിച്ചു. മികച്ച വിദ്യാര്‍ഥിയായിരുന്ന ക്ലിന്റന് റോസസ്, ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പുകള്‍ ലഭിച്ചിരുന്നു. 1973-ല്‍ യേല്‍ സര്‍വകലാശാലയില്‍നിന്നും നിയമബിരുദം നേടിയ ഇദ്ദേഹം 1976 വരെ അര്‍കാന്‍സസ് സര്‍വകലാശാലയിലെ സ്കൂള്‍ ഒഫ് ലോയില്‍ അധ്യാപകനായി. 1974-ല്‍ യു.എസ്. പ്രതിനിധിസഭയില്‍ അംഗമാകാന്‍ ശ്രമിച്ചുവെങ്കിലും അതുനടന്നില്ല. 1975-ല്‍ യേല്‍ സര്‍വകലാശാലയിലെ മറ്റൊരു വിദ്യാര്‍ഥിയായിരുന്ന ഹിലാരി റോത്ഥാമിനെ (ഹിലാരി ക്ലിന്റണ്‍) വിവാഹം ചെയ്തു. അടുത്തവര്‍ഷം അര്‍കാന്‍സസില്‍ അറ്റോര്‍ണി ജനറലായി തിരഞ്ഞെടുക്കപ്പെട്ട ക്ലിന്റണ്‍ 1978-ല്‍ അവിടത്തെ ഗവര്‍ണറായി. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ഗവര്‍ണറായ ഇദ്ദേഹം 14 വര്‍ഷം ഈ പദവിയില്‍ തുടര്‍ന്നു.

ഉയര്‍ച്ചയും താഴ്ചയും നേരിട്ട പൊതുജീവിതത്തില്‍ ജനകീയ തീരുമാനങ്ങളിലൂടെ അനുഭവജ്ഞാനം നേടിയ ക്ലിന്റണ്‍ ഗവര്‍ണര്‍ പദവിയിലിരിക്കെത്തന്നെ രാജ്യത്തെ പരമോന്നത പദവി-പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. തുടര്‍ന്ന് 1992-ലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിത്വവും ഇദ്ദേഹത്തിന് അനുകൂലമായി. അധികാരത്തിലിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനര്‍ഥി ജോര്‍ജ് ബുഷിനെ കടുത്ത പോരാട്ടത്തില്‍ പരാജയപ്പെടുത്തി (ക്ലിന്റണ്‍ 370 വോട്ട്, ബുഷ് 168 വോട്ട്) ക്ലിന്റണ്‍ അമേരിക്കയുടെ 42-ാമത് പ്രസിഡന്റായി.

പ്രസിഡന്റ് എന്ന നിലയില്‍ മികച്ച പ്രകടനമാണ് ക്ലിന്റണ്‍ കാഴ്ചവച്ചത്. രാജ്യത്തെ സാമ്പത്തികനില മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കി. കുറ്റകൃത്യങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കുവാനും ഇദ്ദേഹം യത്നിച്ചു. ആഗോള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, വടക്കേ അമേരിക്കന്‍ വ്യാപാര കരാര്‍, പാരിസ്ഥിതിക നിയമങ്ങള്‍, വനിതകളുടെയും കുടുംബങ്ങളുടെയും പ്രശ്നങ്ങള്‍, വിദ്യാഭ്യാസ ബില്‍ തുടങ്ങി ഒട്ടനവധി നയപരമായ തീരുമാനങ്ങളും നിയമങ്ങളും കൈക്കൊള്ളുവാന്‍ തന്റെ ആദ്യ അഞ്ചുവര്‍ഷത്തില്‍ ക്ലിന്റണ് സാധിച്ചു. വിദേശനയത്തിലും നിര്‍ണായകമായ നിരവധി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും ക്ലിന്റണ്‍ ഭരണകൂടം മുന്‍കൈയെടുത്തു. ബോസ്നിയയിലെ വംശീയപ്രശ്നം പരിഹരിക്കുന്നതിലും പശ്ചിമേഷ്യയില്‍ അറബ്-ഇസ്രയേല്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനായി പി.എല്‍.ഒ. ചെയര്‍മാന്‍ യാസര്‍ അരാഫത്തും ഇസ്രയേല്‍ പ്രധാനമന്ത്രി യിഷാക്ക് റാബിനും തമ്മില്‍ നടന്ന ചരിത്രപരമായ സന്ധിസംഭാഷണങ്ങളുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. 1996-ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ബോബ് ബോളിനെതിരെ 49 ശതമാനം വോട്ടുകളും സ്വന്തമാക്കി ക്ലിന്റണ്‍ തന്റെ പ്രസിഡന്റ് പദവി നിലനിര്‍ത്തി.

രണ്ടാമത്തെ കാലാവധിയിലും ശക്തമായ സാമ്പത്തിക നയങ്ങള്‍ ഇദ്ദേഹം കൈക്കൊള്ളുകയുണ്ടായി. 1969-നുശേഷം അമേരിക്കന്‍ ചരിത്രത്തില്‍ മിച്ച ബഡ്ജറ്റ് അവതരിപ്പിക്കാനായതും (1998) പ്രധാന നേട്ടമായിരുന്നു. 30 വര്‍ഷത്തിനിടയില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ തൊഴില്‍രഹിതരുടെ എണ്ണം രേഖപ്പെടുത്തിയതും രാജ്യത്ത് സമാധാന അന്തരീക്ഷം നീണ്ടു നിന്നതും അമേരിക്കന്‍ ജനതയ്ക്കിടയില്‍ ക്ലിന്റണ്‍ ഭരണകൂടത്തിന് അനുകൂലമായ അന്തരീക്ഷമൊരുക്കി. എന്നാല്‍ മോണിക്ക ലെവിന്‍സ്കി എന്ന സ്ത്രീയുമായി ചുറ്റിപ്പറ്റി ഉയര്‍ന്ന അപവാദക്കേസില്‍ ഇദ്ദേഹത്തിന്റെ ജനപ്രീതിക്കു കോട്ടം സംഭവിച്ചു. 'സ്റ്റാര്‍' നടത്തിയ കുറ്റാന്വേഷണത്തില്‍ ക്ലിന്റണ്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് 1998-ല്‍ പ്രതിനിധിസഭ ക്ലിന്റനെ ഇംപീച്ച് ചെയ്യുവാന്‍ ശ്രമങ്ങളാരംഭിച്ചു. 1999-ല്‍ സെനറ്റും ക്ലിന്റനെതിരായ കുറ്റങ്ങളെ അംഗീകരിച്ചു. ഏതാണ്ട് ഇത്തരം രാഷ്ട്രീയ വിവാദങ്ങള്‍ രൂക്ഷമായിരിക്കെയാണ് അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോ സൈന്യം ഇറാഖിനുമേല്‍ 1998 ഡിസംബറില്‍ നാലുദിവസം നീണ്ടുനിന്ന ബോംബിങ്ങിന് ഉത്തരവിട്ടു നടപ്പാക്കിയത്. 2000-ത്തില്‍ വിയ്റ്റനാം സന്ദര്‍ശിച്ച ക്ലിന്റണ്‍ അമേരിക്കയുടെ വിയറ്റ്നാം യുദ്ധത്തിനുശേഷം ആ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റായി. തന്റെ പദവിയൊഴിയും മുന്‍പ് പലസ്തീന്‍-ഇസ്രയേല്‍ പ്രശ്നത്തില്‍ സമാധാനപരമായ പരിഹാരത്തിന് ഒരിക്കല്‍ക്കൂടി ക്ലിന്റണ്‍ ശ്രമം നടത്തിയെങ്കിലും അതു ഫലം കണ്ടില്ല. അപ്പോഴേക്ക് അമേരിക്കയുടെ ഭരണസിരാകേന്ദ്രങ്ങളില്‍ ഇദ്ദേഹത്തിനെതിരായ നീക്കങ്ങള്‍ മൂര്‍ദ്ധന്യത്തിലെത്തിയിരുന്നു. 2001 ജനു.20ന് ക്ലിന്റണ്‍ തന്റെ ഔദ്യോഗിക പദവി ഒഴിഞ്ഞു.

പ്രസിഡന്റ് പദവിയില്‍നിന്നു ഒഴിഞ്ഞുവെങ്കിലും സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി ഇദ്ദേഹം തുടര്‍ന്നും കര്‍മനിരതനായി. എച്ച്.ഐ.വി./എയ്ഡ്സ് ഇനീഷ്യേറ്റീവ്, ക്ലിന്റണ്‍ ഗ്ലോബല്‍ ഇനീഷ്യേറ്റീവ്, ക്ലിന്റണ്‍ ക്ലൈമറ്റ് ഇനീഷ്യേറ്റീവ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി ഇദ്ദേഹം രാജ്യാന്തര തലത്തില്‍ സജീവമായി. കൂടാതെ ഐക്യരാഷ്ട്രസഭയുടെ സുനാമി, ഹെയ്തി ഭൂകമ്പം തുടങ്ങിയ ദുരന്തനിവാരണ സംരംഭങ്ങളുമായി ഇദ്ദേഹം സഹകരിക്കുകയുണ്ടായി.

മൈ ലൈഫ് (2004) ആണ് ബില്‍ ക്ലിന്റന്റെ ആത്മകഥ. ഗിവിങ്ങ്: ഹൗ ഈച്ച് ഒഫ് അസ് കാന്‍ ചെയ്ഞ്ച് ദി വേള്‍ഡ് (2007), ബാക്ക് ടു വര്‍ക്ക്: വൈ വീ നീഡ് സ്മാര്‍ട്ട് ഗവണ്‍മെന്റ് ഫോര്‍ എ സ്ട്രോങ് ഇക്കണോമി (2011) തുടങ്ങിയവയാണ് ഇദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍